ഒരു വ്യക്തിയുടെ പേരും ഒരു വ്യവസ്തിതിയുടെയോ, സ്ഥാപനത്തിന്റെയോ പേരും പരസ്‌പര പൂരകങ്ങളായിത്തീരുന്ന സ്ഥിതിവിശേഷം ചരിത്രത്തിലാകട്ടെ, വർത്തമാനകാല സാമൂഹിക സാഹചര്യങ്ങളിലാകട്ടെ, സാധാരണമാണ്. പത്രാധിപർ കെ. സുകുമാരന്റെ സാരഥ്യത്തിൽ, കേരളകൗമുദി മലയാളിയുടെ സാമൂഹിക- രാജനൈതിക ജീവിതത്തിന്റെ ഇടനാഴികളിൽ അവഗണിക്കാനാവാത്ത ശബ്‌ദമായിക്കഴിയുമ്പോഴേക്കും, ഒരു പക്ഷെ മറ്റു പലരെയുംപോലെ, എന്റെ വാപ്പായും ആ രൂപകല്‌പനയുടെ ഭാഗമായിത്തീർന്നിട്ടുണ്ടാവാം.
ഞങ്ങളുടെ വീടിന്റെ ചുറ്റുമതിലിന്റെ ഭാഗമായി, ഗേറ്റിനെ താങ്ങിനിറുത്തിയിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകളുണ്ടായിരുന്നു. ഒരു തൂണിനു ചുവട്ടിൽ നിന്നും മുകളിലേക്ക് പടർന്നു കയറിയിരുന്ന ബൂഗൻവില്ലിയാ തലപ്പുകൾ ഗേറ്റും കടന്ന്, എതിർ ദിശയിലെ തൂണിനു മുകൾ വരെ എത്തി നിന്നിരുന്നു. ചെടിപ്പടർപ്പു നിറയെ മാനത്തേക്കു നോക്കി നിൽക്കുന്ന പർപ്പിൾ നിറത്തിലെ പൂക്കൾ. ഒരു തൂണിനു പിന്നിൽ, പൂക്കൾക്കും മീതെ മെറൂൺ നിറത്തിൽ ഒരു മീറ്റർ സ്‌ക്വയർ സമചതുരത്തിൽ ഒരു ഫലകമുണ്ടായിരുന്നു, അതിൽ വെളുത്ത അക്ഷരങ്ങളിൽ രണ്ടുവരിയായി കേരളകൗമുദി എന്ന എഴുത്തും.
കരീമണ്ണൻ മലഞ്ചരക്ക് വ്യാപാരം നടത്തിയിരുന്നത് ചന്തമുക്കിലെ ഒരിരുനില കെട്ടിടത്തിലായിരുന്നു. അവിടെ കരീമണ്ണനൊപ്പമായിരുന്നു വാപ്പായുടെ ഇരിപ്പ് മിക്കവാറും. അതിന്റെ പെന്റ്ഹൗസിലും ഉണ്ടായിരുന്നു നഗരവാസികളുടെയാകമാനം ശ്രദ്ധയാകർഷിച്ച് കേരളകൗമുദി എന്ന ഹോർഡിംഗ്.
അതുകൊണ്ടാവാം, എനിക്ക് ഓർമ്മ വയ്ക്കുന്നതു മുതൽ, കൊട്ടാരക്കരയിലെങ്ങും വാപ്പാ കേരളകൗമുദി ഷാഹുൽ ഹമീദ് എന്നറിയപ്പെട്ടത്. പിൽക്കാലത്ത് അത് ലോപിച്ച് കേരളകൗമുദി മാത്രമായി. കൊട്ടാരക്കര സ്റ്റാൻഡിൽ ബസിറങ്ങുന്ന യാത്രക്കാരൻ ഓട്ടോറിക്ഷാ ഡ്രൈവറോട് കേരളകൗമുദി എന്നുപറഞ്ഞാൽ മറുചോദ്യം വരും. ‘ആപ്പീസിലോ, വീട്ടിലോ’ എന്ന്.
എൺപത്തിനാലാം വയസിൽ, ഒരു രാത്രി, വാപ്പാക്കു ഹൃദയാഘാതമുണ്ടായി. രണ്ടടുത്ത ബന്ധുക്കൾ വാപ്പായെ കൊല്ലത്ത് ശങ്കർ ഷഷ്ട്യബ്ദപൂർത്തി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചു. അനിയത്തിയെ വിളിച്ചു വിവരമറിയിച്ച ശേഷം, ഉറക്കമൊഴിയാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് അവർ അപ്പോൾ തന്നെ കൊട്ടാരക്കരയ്ക്കു മടങ്ങി. പിറ്റേന്ന് പുലർച്ചെ അനിയത്തിയും, ഭർത്താവ് മുഹമ്മദലിക്കായും എത്തുമ്പോൾ, വീട്ടിലേക്ക് ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിത്തരുമായിരുന്ന അയിഷായിത്താത്തായുടെ മകൻ സിറാജ്, തീവ്ര പരിചരണ വിഭാഗത്തിനു മുൻപിലെ ബെഞ്ചിലിരുന്ന് ഉറക്കംതൂങ്ങുന്നു. എനിക്ക് കൊച്ചിയിലേക്കേ വിമാനം കിട്ടിയുള്ളൂ. ആശുപത്രിയിലെത്തുമ്പോൾ നേരം ഉച്ച. അപ്പൊഴേക്കും വാപ്പായെ ‘പേഷ്യന്റ് റൂമി’ലേക്ക് മാറ്റിയിരുന്നു.
പതുക്കെപ്പതുക്കെ വാപ്പായുടെ പ്രകൃതത്തിൽ ചെറിയ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. ഒരേ വിഷയം തന്നെ, മിനിട്ടുകൾ ഇടവിട്ട്, വീണ്ടും വീണ്ടും ചോദിക്കുക, കുട്ടികളെപ്പോലെ പിടിവാശി കാട്ടുക – ഇപ്പോൾ എറണാകുളം ലിസി ആശുപത്രിയിലുള്ള ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. ജാബിർ അന്ന് കൊട്ടാരക്കര വിജയാ ആശുപത്രിയിലായിരുന്നു. അദ്ദേഹം ഒരു രോഗി എന്നതിലുപരി, ഒരു കുടുംബാംഗമെന്ന പരിഗണന വാപ്പാക്കു നൽകിയിരുന്നു. വാപ്പായുടെ തലച്ചോറിനെ ഡിമെൻഷ്യ ബാധിച്ച് തുടങ്ങിയെന്ന് അദ്ദേഹമാണെന്നോട് പറഞ്ഞത്.
കൊട്ടാരക്കരയിലെ ജനജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് വാപ്പാ സാവധാനം പുറത്താവുകയായിരുന്നു. മനസ്സെത്തുന്നിടത്ത് ശരീരമെത്തുന്നില്ല എന്നു വകവെച്ചുകൊടുക്കാൻ എന്നിട്ടും വാപ്പാ തയാറായില്ല. ഒരിക്കൽ റോഡുമുറിച്ച് കടക്കവെ വാപ്പായെ സ്‌കൂട്ടർ തട്ടി, ഇടതു ചുമലിലെ എല്ല് പൊട്ടി. തുടർന്നുണ്ടായ ഇടതുകൈയുടെ ബലക്ഷയം മരണം വരെ തുടർന്നു.
വിവരമറിഞ്ഞ് വാപ്പായെ കാണാൻ കേരളകൗമുദിയിൽ നിന്ന് പത്രാധിപരുടെ ചെറുമകൻ, ഇന്ന് ചീഫ് എഡിറ്ററായിരിക്കുന്ന, ദീപു രവി വന്നിരുന്നു. വാപ്പായുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചാണു ദീപു യാത്ര പറഞ്ഞത്. ദീപു പൊയ്‌ക്കഴിഞ്ഞ് വാപ്പാ എന്നോട് പറഞ്ഞു: ‘നീ കണ്ടോ, ഞാനിപ്പോഴും കേരളകൗമുദി ഷാഹുൽ ഹമീദ് തന്നെയാണ്.’
ഉമ്മയും ഏറെക്കുറെ കിടപ്പിലായിരുന്നു. ഞാൻ കണ്ണെത്താദൂരത്ത്. എറണാകുളത്തു താമസിക്കുന്ന അനിയത്തിയും, മുഹമ്മദാലിക്കായും രണ്ടാഴ്ചയിലൊരിക്കലെങ്കിലും വരും. ചിലപ്പൊഴൊക്കെ ഒന്നോ രണ്ടോ ദിവസം കൊട്ടാരക്കര താമസിക്കും. ഇതിനിടെ സന്തത സഹചാരിയായിരുന്ന കരിമണ്ണനെയും, പത്രത്തിന്റെ നടത്തിപ്പിൽ തന്റെ വലംകൈയായിരുന്ന, കൊട്ടാരക്കരക്കാർക്കു മുഴുവൻ ‘പഞ്ചാരമാമാ’ ആയിരുന്ന, മുഹമ്മദ് ഹനീഫയെയും വപ്പാക്കു നഷ്‌ടമായി. എല്ലാ ദിവസവും രാവിലെ ഏഴു മണിക്ക് ഞാൻ ഫോണിൽ വിളിക്കുമായിരുന്നു. പൊയ്പ്പോയ കാലത്തിന്റെ ഓർമ്മകൾ പങ്കിടാൻ അപൂർവം ചില സുഹൃത്തുക്കൾ അപ്പോഴും വാപ്പായെ തേടിയെത്തി. അക്കൂട്ടത്തിൽ ഞാൻ നന്ദിപൂർവം സ്‌മരിക്കുന്നത് തലമുതിർന്ന രാഷ്ട്രീയ നേതാവ് ആർ. ബാലകൃഷ്ണപിള്ളയെയും, സർവ്വീസിൽ നിന്ന് വിരമിച്ച പ്രഭാകരൻ പിള്ള സാറിനെയും (സെയിൽസ് ടാക്സ്), ശശിച്ചേട്ടനെയും (ആർ ടി ഒ), പിന്നെ അന്തരിച്ച തങ്ങൾകുഞ്ഞ് മുസല്യാരുടെ മൂന്നാം തലമുറക്കാരായ ഇല്യാസിനെയും, നിസാറിനെയുമാണു.
ഒരു ‘ലാർജർ ദാൻ ലൈഫ്’ മാനത്തിൽ ജീവിച്ച വാപ്പാക്കു താൻ ഒറ്റപ്പെടുന്നുവെന്ന് തോന്നിത്തുടങ്ങി. കിടപ്പിലായിരുന്നെങ്കിലും ഉമ്മയുടെ സാന്നിദ്ധ്യം വാപ്പാക്കു ഒരു ബലമായിരുന്നു. അതിനിടെയുണ്ടായ ഉമ്മയുടെ ദേഹവിയോഗം വാപ്പായെ ശരിക്കും ഏകാകിയാക്കി. അതു തിരിച്ചറിഞ്ഞ അനിയത്തിയും, മുഹമ്മദാലിക്കായും വാപ്പായെ അവരുടെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മൂന്ന് വർഷങ്ങൾക്കുശേഷം അവരുടെ വീട്ടിൽ വച്ചാണ് വാപ്പാ കണ്ണടയ്‌ക്കുന്നത്.
ജൂലൈ 8 ഒരു വ്യാഴാഴ്ചയായിരുന്നു. ഓഫീസിലെ ഡസ്ക്ടോപ് മോണിട്ടറിനു മുന്നിൽ നിന്നെഴുന്നേറ്റ്, പിന്നിലെ വലിയ ഫ്രെഞ്ച് ജനാലയ്ക്ക് മറതീർത്തിരുന്ന വെനീഷ്യൻ ബ്ലൈന്റ് മുകളിലേക്കുയർത്തി പുറത്തേക്കു നോക്കുമ്പോൾ, താഴെ അഞ്ഞൂറ്റി ഇരുപത്തിയഞ്ച് വാഹനങ്ങൾക്ക് ഇടമുള്ള പാർക്കിംഗ് ലോട്ടിൽ ഒരു സ്ലോട്ട് പോലും ഒഴിവില്ല. ഇരു ദിശകളിലേക്കും നീണ്ടുപോവുന്ന, നഗരത്തിന്റെ ഇരുണ്ട ചോരക്കുഴലുകൾക്കു നടുവിലെ പുൽമേടിനും, നിരനിരയായി നിൽക്കുന്ന മരത്തലപ്പുകൾക്കുമപ്പുറം കടൽ തിമിർക്കുന്നു, യൗവ്വനം എന്നോ നഷ്ടപ്പെട്ട മദ്ധ്യവയസ്ക്കയുടെ തുളുമ്പുന്ന ഡബിൾ ചിൻ പോലെ. പൊടുന്നനെ എനിക്കു ചുറ്റും വാപ്പാ പതിവായി ഉപയോഗിക്കുമായിരുന്ന പൗഡറിന്റെ സുഗന്ധം. വാപ്പായുടെ വിയർപ്പിനു അപ്പോൾ മാത്രം മരത്തിൽ നിന്നു പറിച്ചെടുത്ത ഓറഞ്ചിന്റെ മണമായിരുന്നു, അതിൽ ‘ക്യൂട്ടിക്യൂറ’യുടെ പങ്ക് എത്രയുണ്ടെന്നറിയുമായിരുന്നില്ലെങ്കിൽ കൂടി. പത്താം തരം ജയിച്ച്, താമസം ജസ്യൂട്ട് പാതിരിമാർ നടത്തിയിരുന്ന കോളജ് ഹോസ്റ്റലിലേക്കു മാറും വരെ, വാപ്പാ മാറിയിട്ട ബനിയൻ തലയിണമേൽ വിരിച്ചാണു ഞാൻ ഉറങ്ങുമായിരുന്നത്. എനിക്കെന്തോ വല്ലായ്ക തോന്നി. വാഷ്‌റൂമിൽ പോയി മുഖം കഴുകി മടങ്ങിയെത്തുമ്പോൾ സെൽ ഫോൺ നിർത്താതെ ശബ്ദിക്കുന്നു. അൽപ്പം ഈർഷ്യയോടെയെങ്കിലും ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ മുഹമ്മദലിക്ക. മൂപ്പർ വെറുതെ അങ്ങനെ വിളിക്കാറില്ല. ഒരു നിമിഷം ഉള്ളൊന്നു കാളി. ഞാൻ ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു. എപ്പൊഴാണെത്താൻ പറ്റുക എന്ന് മടക്കിവിളിച്ചറിയിക്കാമെന്നു പറഞ്ഞ് ഞാൻ ഫോൺ വച്ചു. ഇ എസ് പി-യെക്കുറിച്ച് വായിച്ചറിവേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ..
കൊട്ടാരക്കരയിൽ വാപ്പായുടെ തലമുറയിൽപ്പെട്ട ആരും ജീവിച്ചിരിപ്പുള്ളതായി അറിയില്ല. അടുത്ത തലമുറയിൽപ്പെട്ടവർക്ക് വാപ്പായെ ഓർത്തിട്ട് കാര്യവുമില്ല. ഇന്ന് കൊട്ടാരക്കരയിലെ മിക്കയാളുകൾക്കും കേരളകൗമുദി ഷാഹുൽഹമീദ് എന്ന മേൽവിലാസം തന്നെ അപരിചിതമായിരിക്കുന്നു.
കൊട്ടാരക്കര ഇന്നത്തെപ്പോലെ തിരക്കുപിടിച്ച നഗരമാവുന്നതിന് മുമ്പുള്ള കാലം. തിരുവനന്തപുരത്തേക്കുള്ള ചുവപ്പും മഞ്ഞയും പെയിന്റടിച്ച ഫാസ്റ്റ് പാസഞ്ചറിൽ കയറുകയെന്നത് വിമാനത്തിൽ കയറുന്നതിൽ കുറഞ്ഞൊന്നുമായിരുന്നില്ല അന്ന്. തിരുവനന്തപുരത്ത് മുൻപും പോയിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞു. എനിക്കു പക്ഷേ ഓർമ്മയുണ്ടായിരുന്നില്ല. വാപ്പായുടെ കൈവിരലിൽ തൂങ്ങിയുള്ള ആ യാത്ര ഇന്നലത്തെപ്പോലെ ഓർമ്മയിലുണ്ട്. പശ്ചിമജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്‌ത കേരളകൗമുദിയുടെ ആദ്യത്തെ റോട്ടറി പ്രസ് ഉദ്ഘാടനമായിരുന്നു. വിശിഷ്ടാതിഥിയോ, തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ മുൻ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരും. ചെന്തെങ്ങും കുരുത്തോലയും കൊണ്ട് അലംകൃതമായ വെള്ളമണൽ വിരിച്ച അങ്കണം. വർണാഭമായ പൂക്കളും കുഴലിന്റെ ആകൃതിയിലുള്ള ലൈറ്റുകളും കൊണ്ട് മോടിപിടിപ്പിച്ച പന്തൽ. എന്നെ കുമാരനമ്മാവന്റെ (സഹ-പത്രാധിപരും, ലോക്സഭാംഗവും, പി എസ് സി ചെയർമാനുമായിരുന്ന എം കെ കുമാരൻ) മകൻ ഭദ്രനെ ഏൽപ്പിച്ച്, വാപ്പാ ഒരുക്കങ്ങളുടെ നടുവിലേക്ക് പോയി. ഭദ്രനാണ് ആ വൈകുന്നേരം മുഴുവൻ അപരിചിതനായ എന്നെ കൊണ്ടുനടന്നത്. കുമാരനമ്മാവന്റെ മകൾ ചന്ദ്രലേഖ ചേച്ചിയെയും, ഭദ്രനു താഴെയുള്ള അനിയനെയും, പിന്നെ പത്രാധിപരുടെ ഇളയ മകൻ രവിയെയും ഒക്കെ അന്നു പരിചയപ്പെട്ടു. ഞങ്ങളുടെ അടുക്കളയുടെ പിന്നാമ്പുറത്തെ ചാമ്പ മരത്തിൽ പഴുത്തുലഞ്ഞു കിടന്നിരുന്ന കായ്കളുടെ തുടിപ്പായിരുന്നു രാമസ്വാമി അയ്യരുടെ കവിളുകൾക്ക്. വെളുത്ത തലപ്പാവൊക്കെ വച്ച്, ലേശം സ്തൈണച്ചുവയുള്ള ശബ്ദത്തിൽ, മൂർച്ചയുള്ള കത്തി കൊണ്ട് ഒരേ ഘനത്തിൽ മുറിച്ചുവച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ പോലെ ‘ക്ലിപ്ഡ് ആക്സന്റിൽ’ അദ്ദേഹം സംസാരിച്ചു. എനിക്കൊരക്ഷരം മനസ്സിലായില്ല. മടങ്ങി വീട്ടിലെത്തുമ്പോൾ അർദ്ധരാത്രിയായിരുന്നു. പിന്നെയും എത്രയോ ദിവസം ആ യാത്രയുടെ ഓർമ്മ ഒരു ഹരം പോലെ മനസിൽ കൊണ്ടുനടന്നു.
എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, വാപ്പാ ഒരു തെറ്റിദ്ധരിക്കപ്പെട്ട ആളാണെന്ന്. വാപ്പായുടേതു പോലെ ഹൃദ്യമായ ചിരി ഞാൻ മറ്റാരിലും കണ്ടിട്ടില്ല. പാൽപ്പതയുതിരുന്ന ആ നിരയൊത്ത പല്ലുകൾ, എല്ലാ ടൂത്ത്പേസ്റ്റ് പരസ്യ മോഡലുകളെയും അസൂയപ്പെടുത്തുന്നതായിരുന്നു. വാപ്പായുടെ ചിരിയാണെങ്കിലോ, ഇരിക്കുന്ന മുറി മുഴുവൻ പ്രകാശം പരത്തുന്നതോടൊപ്പം, ചുറ്റുമുള്ളവരിൽ ആഹ്ലാദത്തിന്റെ വേലിയേറ്റമുണ്ടാക്കുകയും ചെയ്യുമായിരുന്നു.
ഇന്നു നാം ശ്രീലങ്ക എന്നുവിളിക്കുന്ന ചെറിയ ദ്വീപ് സിലോൺ എന്നറിയപ്പെട്ടിരുന്ന കാലം. അന്ന് സിലോൺ സമ്പന്ന രാജ്യമായിരുന്നു. മദ്ധ്യതിരുവിതാംകൂറിൽ സിലോണിലേക്കുള്ള ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതി ലൈസൻസ് വാപ്പാക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊട്ടാരക്കരയിൽ നിന്ന് ചരക്കുകൾ ട്രെയിൻ മാർഗം ധനുഷ്കോടിയിലേക്ക് കയറ്റി അയയ്‌ക്കും. അവിടെനിന്ന് കടൽമാർഗമാണ് സിലോണിലേക്ക് പോയിരുന്നത്. അറുപതുകളുടെ തുടക്കത്തിലെപ്പോഴോ ആണ്, ധനുഷ്കോടിയിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ഗതാഗതം പൂർണമായും നിലച്ചു. അയച്ച ചരക്കുകൾ ധനുഷ്കോടി റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടന്നുപോവുകയും, വാപ്പാക്കു ഭീമമായ സാമ്പത്തിക നഷ്‌ടമുണ്ടാവുകയും ചെതു. ആത്മവിശ്വാസം കൈവിടാതെ, തന്റെ പ്രകാശം പരത്തുന്ന പുഞ്ചിരിമാത്രം കൈമുതലാക്കി വാപ്പാ ‘കൊളംബോ’യിൽ വിമാനമിറങ്ങി. ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ സിലോണിലെ വ്യാപാര സഹകാരിക്ക് വാപ്പായെ ഇഷ്‌ടമായി. അങ്ങനെ നഷ്‌ടത്തിന്റെ പകുതി ഏറ്റെടുക്കാൻ അദ്ദേഹം തയാറായി. കൈനിറയെ സമ്മാനങ്ങളുമായാണ് വാപ്പാ തിരികെ വന്നതെന്ന് ഉമ്മ പറയും. അന്ന് അദ്ദേഹം വാപ്പാക്ക് സമ്മാനിച്ച, നീല ഇനാമലിൽ സുവർണ അക്ഷരങ്ങൾ കൊണ്ട് വാപ്പായൂടെ പേരെഴുതിയ മോതിരം അമൂല്യമായ പൈതൃകത്തിന്റെ ഭാഗമായി ഞങ്ങളിന്നും സൂക്ഷിക്കുന്നു.
വിയറ്റ്നാം യുദ്ധവും, ചൈനയിലെ സാംസ്കാരിക വിപ്ലവവും റോയിട്ടേഴ്സിനു വേണ്ടി റിപ്പോർട്ടു ചെയ്ത എം ശിവറാം ഒരിക്കൽ എന്റെ ഹീറോ ആയിരുന്നു. അങ്ങനെയാണു ഞാൻ കേരള കൗമുദിയിൽ ട്രെയിനി ആയി ചേരുന്നത്. ഊണു കഴിഞ്ഞ് ഒരു ദിവസം ഞാൻ പത്രമാഫീസിലേക്ക് വരുമ്പോൾ ഗേറ്റിങ്കലുണ്ട് നിൽക്കുന്നു ബാലയണ്ണനും (പ്രസിദ്ധീകരണം നിലച്ചു പോയ ‘കൗമുദി’ വാരികയുടെ പത്രാധിപരും, മുൻ ലോക്സഭാംഗവുമായിരുന്ന കെ ബാലകൃഷ്ണൻ), വേണുവണ്ണനും (കേരള കൗമുദി പത്രാധിപ സമിതിയിലെ തലമുതിർന്ന അംഗമായിരുന്ന ജി വേണുഗോപാൽ). ഞാൻ നടന്നടുത്തു ചെന്നപ്പോൾ
വേണുവണ്ണൻ പറഞ്ഞു, ബാലാ, നമ്മളിപ്പോൾ പറഞ്ഞു നിർത്തിയ സിനിമാക്കാരൻ ഇവനാണു. തലേന്നത്തെ പത്രത്തിന്റെ ഫിലിം പേജിൽ, അന്ന് ‘ശ്രീകുമാറി’ൽ ഓടിക്കൊണ്ടിരുന്ന ഹാർപ്പർ ലീയുടെ ‘റ്റു കിൽ എ മോക്കിംഗ് ബേഡി’നെക്കുറിച്ച് ഞാനൊരവലോകനം എഴുതിയിരുന്നു. അതായിരുന്നിരിക്കണം വിഷയം. ‘ഇവനാരെടാ’ എന്ന മട്ടിൽ ബാലയണ്ണൻ എന്നെ അടിമുടി ഒന്നു നോക്കി. എന്റെ നിസ്സഹായത മനസ്സിലാക്കിയ വേണുവണ്ണൻ വീണ്ടും ഇടപെട്ടു: ഇവൻ നമ്മുടെ കൊട്ടാരക്കര ഷാഹുലിന്റെ മകനാണു. പൊടുന്നനെ ബാലയണ്ണന്റെ മുഖം വിടർന്നു. തോളത്ത് കൈ വച്ച്, എന്നെ തീരെ കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണെന്നു പറഞ്ഞു. തുടർന്നു സംസാരിക്കും മുൻപ് എന്തോ ആലോചിക്കാനെന്ന പോലെ ബാലയണ്ണൻ ഒരു നിമിഷം നിർത്തി, പിന്നെ പറഞ്ഞു, നിന്റെ വാപ്പാ തന്ന അഞ്ഞൂറു രൂപ മാത്രമായിരുന്നെന്റെ മൂലധനം, കൗമുദിയുടെ ആദ്യ ലക്കമിറങ്ങുമ്പോൾ.
അടുത്ത ദിവസം ഞാൻ ഉമ്മയെ വിളിച്ചു ചോദിച്ചു. ഉമ്മാക്കറിയില്ല. ഒരാഴ്ച കഴിഞ്ഞ്, ഉമ്മ കൊടുത്തയച്ച ഏത്തക്കായ നുറുക്കും, ചക്കച്ചുള വറുത്തതുമായി വാപ്പാ, സ്റ്റാച്യൂ റസ്റ്റ്‌റന്റിലെ എന്റെ ഇരുപത്തിയാറാം നമ്പർ മുറിയിൽ വന്നപ്പോഴും ഞാൻ ചോദിച്ചു. എന്റെ ചോദ്യം വാപ്പാ കാര്യമായെടുത്തില്ല, അര്‍ത്ഥഗർഭമായ ആ പതിവ് ചിരി മാത്രം.
രാജനീതിയുടെ വർണ്ണാഭമല്ലാത്ത മുഖം തിരിച്ചറിയാറാവുന്നത്, വാപ്പാ ഞങ്ങളെയെല്ലാവരെയും നിർബ്ബന്ധപൂർവ്വം പങ്കെടുപ്പിക്കുമായിരുന്ന കുടുംബ സദസ്സുകളിൽ നിന്നാണു. എല്ലാവരും അവരവരുടെ ആവശ്യങ്ങളും, പരാതികളും സദസ്സിൽ അവതരിപ്പിച്ചുകൊള്ളണമെന്നാണു നിയമം. അമ്മുച്ചേച്ചിയുടെ പാചകത്തെക്കുറിച്ചുള്ള പരാതികൾ, ഞങ്ങൾ സഹോദരങ്ങൾക്കിടയിലുള്ള പിണക്കങ്ങൾ, സ്കൂളിലെ പ്രശ്‌നങ്ങൾ, ഉമ്മക്ക് വീടിന്റെ നടത്തിപ്പിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ – എല്ലാം ചർച്ചയ്ക്കു വരും. തീരുമാനങ്ങളും, കരാറുകളും അവിടെ അംഗീകരിക്കപ്പെടും, ഒരുവേള അടുത്ത സദസ്സുവരെയേ അവയ്ക്ക് ആയുസ്സുണ്ടാവുകയുള്ളുവെങ്കിൽക്കൂടി.
ഞങ്ങളുടെ അന്നത്തെ കുടുംബ സദസ്സുകളെക്കുറിച്ചാലോചിക്കുമ്പോൾ വാപ്പായുടെ ഉൾക്കാഴ്ച്ചയുടെ മാനം കൂടുതൽ വ്യക്തമാവുന്നു.
കുടുംബമായാലും, ഇനി രാഷ്ട്രമായാലും ശരി, മേലേത്തട്ടിലുള്ളവർ സ്വന്തം തീരുമാനങ്ങൾ നടപ്പാക്കും മുൻപ്, പ്രത്യക്ഷമായോ, അല്ലെങ്കിൽ പരോക്ഷമായോ, ആ തീരുമാനങ്ങളുടെ ഫലം അനുഭവിക്കാൻ കടമപ്പെട്ടവരുമായി ചർച്ചകൾ നടത്തുകയും, അവരുടെ അഭിപ്രായങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകുകയും ചെയ്യേണ്ടതല്ലേ? മറ്റ് വാക്കുകളിൽ പറഞ്ഞാൽ, ഇമ്മട്ടിലുള്ള സംവാദങ്ങളിൽ നിന്ന് നാം സ്വമേധയാ വിട്ടുനിന്നാൽ, നമ്മുടെ ജീവിതം നാം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും, അധികാരവും നാം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുക്കുകയാണെന്നാണു അര്‍ത്ഥം. അതിനു നാം നിന്നു കൊടുക്കണമോ വേണ്ടയോ എന്ന തീരുമാനം നാം സ്വയം എടുക്കേണ്ടതാണു. വാപ്പാ ഞങ്ങൾക്കു തന്ന ഏറ്റവും വിലപ്പെട്ട സന്ദേശവും ഇതു തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
~ ‘കേരള കൗമുദി’, ആഗസ്റ്റ് 24, 2019.